| |||||
മുംബൈ: ഫ്രാഞ്ചൈസി ഫീസില്‍ ഇളവ് അനുവദിക്കണമെന്ന കൊച്ചി, പൂനെ ഐപിഎല്‍ ടീമുകളുടെ ആവശ്യം ബിസിസിഐ തള്ളി. 18 മത്സരങ്ങളാണ് ബിസിസിഐ ടീമുകള്‍ക്ക് വാഗ്‌ദാനം ചെയ്‌തിരുന്നത് . എന്നാല്‍ പുതിയ പട്ടിക പ്രകാരം 14 മത്സരങ്ങളേ ഉണ്ടാകൂ. ഈ സാഹചര്യത്തിലാണ് 25% ഇളവ് ആവശ്യപ്പെട്ടത്. ഫ്രാഞ്ചൈസി തുകയുടെ 75% ഉം ഇരു ടീമുകളും അടച്ചിട്ടുണ്ട് . |
ഗെയിംസ് ഗാനം: റഹ്മാന്‍ മാപ്പു പറഞ്ഞു
കോമണ്‍വെല്‍ത്ത് ഗെയിംസിനായി തയ്യാറാക്കിയ പ്രമേയഗാനം 'ഓ യാരോ.. യെ ഇന്ത്യാ ബുലാ ലിയ...' ജനങ്ങള്‍ സ്വീകരിച്ചില്ലെന്ന ആരോപണത്തില്‍ സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍ മാപ്പ് പറഞ്ഞു. ഒരു സ്വകാര്യ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് റഹ്മാന്‍ ഗെയിംസിനായി ആദ്യം ചിട്ടപ്പെടുത്തിയ ഗാനത്തിന് നിലവാരമില്ലെന്ന ആരോപണത്തില്‍ മാപ്പു പറഞ്ഞത്.
എല്ലാ പ്രായക്കാരെയും ആകര്‍ഷിക്കുന്ന രീതിയിലായിരുന്നില്ല ആദ്യ ഗാനമെന്നും യുവാക്കളെ മാത്രം മനസ്സില്‍ക്കണ്ട് ചിട്ടപ്പെടുത്തിയതിനാല്‍ സംഭവിച്ച പിഴവാണെന്നും റഹ്മാന്‍ സമ്മതിച്ചു. ഇനിയൊരിക്കലും ഇത്തരമൊരു തെറ്റ് ആവര്‍ത്തിക്കില്ലെന്നും റഹ്മാന്‍ പറഞ്ഞു. എങ്കിലും തന്‍റെ കഴിവിന്‍റെ പരമാവധി ഉപയോഗിച്ചാണ് തീം സോംഗ് ചിട്ടപ്പെടുത്തിയതെന്നും അത് അരെയെങ്കിലും നിരാശരാക്കിയിട്ടുണ്ടെങ്കില്‍ മാപ്പു ചോദിക്കുന്നുവെന്നും റഹ്മാന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.
ഗെയിംസ് തീം സോംഗ് ജനങ്ങള്‍ സ്വീകരിച്ചില്ലെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് റഹ്മാന്‍ ഗാനം മാറ്റി ചിട്ടപ്പെടുത്തിയിരുന്നു. താന്‍ ഒരുക്കുന്ന ഗാനം ലോകകപ്പ് ഫുട്‌ബോളിനായി ഷക്കീര പാടിയ 'വക്കാ വക്ക'യേക്കാള്‍ മുന്നിട്ടുനില്‍ക്കുമെന്ന് റഹ്മാന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഗാനം ജനങ്ങള്‍ക്കിടയില്‍ കാര്യമായ ചലനം സൃഷ്ടിച്ചില്ല _______________________________________________________
ഏകദിനം മുടക്കാന്‍ എസ്കെ നായര്‍ ശ്രമിച്ചു
കൊച്ചി ഏകദിനം അട്ടിമറിക്കാന്‍ ബി സി സി ഐ മുന്‍ സെക്രട്ടറി എസ് കെ നായരുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നുവെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ടി സി മാത്യു പറഞ്ഞു. മഴമൂലം മത്സരം ഉപേക്ഷിക്കാനിടയായതിന്റെ പൂര്‍ണ ഉത്തരാവാദിത്വം താന്‍ ഏറ്റെടുക്കുന്നുവെന്നും മാത്യു വ്യക്തമാക്കി.
കൊച്ചിയില്‍ മഴ പെയ്യാനിടയുണ്ടന്ന് മുന്‍കൂട്ടികണ്ട് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയതായുള്ള എസ് കെ നായരുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മാത്യു. മത്സരക്രമം നിശ്ചയിച്ചതിലെ അപാകതയും ഗ്രൗണ്ടിലെ ഡ്രെയിനേജ് സംവിധാനത്തിന്റെ പോരായ്മയുമാണ് കളി മുടങ്ങാന്‍ കാരണമെന്നും എസ് കെ നായര്‍ ആരോപിച്ചിരുന്നു.
ഏകദിനവുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ചവര്‍ കല്‍മാഡിയെ വേട്ടയാടിയതുപോലെ തന്നെയും വേട്ടയാടുകയാണെന്ന് മാത്യു പറഞ്ഞു. കല്യാണ വീട്ടില്‍ ചെന്നാല്‍ മണവാട്ടിയാകാനും മരണവീട്ടിലെത്തിയാല്‍ ശവമാകാനും ശ്രമിക്കുന്ന ചിലരാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. കെ സി എയുടെ ആതിഥ്യം സ്വീകരിച്ചെത്തിയിട്ട് ചിലര്‍ ഉത്തരവാദിത്വമില്ലാതെ സംസാരിക്കുകയാണ്. ഇത് അല്‍പ്പത്തരമാണ്.
മത്സരം ഉപേക്ഷിക്കേണ്ടിവന്നതിനാല്‍ കേരളാ ക്രിക്കറ്റ് അസോസിയേഷന് സംഭവിച്ച നഷ്ടം മൂന്നു കോടി രൂപയാണ്. മത്സരം ഉപേക്ഷിച്ചത് എന്തെങ്കിലും തരത്തിലുള്ള പിഴവ് മൂലമാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതിന്റെ പൂര്‍ണമായ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കുന്നു. മുന്‍പ് ശ്രീശാന്തുമായി ബന്ധപ്പെട്ട വിവാദവും ഇത്തരത്തിലുണ്ടായതാണ്. അത് അവസാനിച്ചതോടെ പുതിയ വിവാദത്തിനു ശ്രമിക്കുകയാണെന്നും മാത്യു ആരോപിച്ചു. എന്നാല്‍ ഗ്രൗണ്ടില്‍ വെള്ളക്കെട്ടുണ്ടാകാന്‍ കാരണം കെ സി എയുടെ പിടിപ്പുകേടാണെന്ന് മുന്‍ സെക്രട്ടറി അജിത് കുമാര്‍ ആരോപിച്ചു.
_______________________________________________________________________
_______________________________________________________________________
ഓസീസ് വീണ്ടും ചാരം; ഇന്ത്യക്ക് പരമ്പര

ബാംഗ്ലൂര്‍: സച്ചിന്റെ ഡബിള്‍ സെഞ്ച്വറിയിലും ഇന്ത്യന്‍ ബൗളര്‍മാരുടെ വീര്യത്തിലും ഓസീസ് പട വീണ്ടും കത്തിയമര്‍ന്നു. ബാംഗ്ലൂരിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് നേടിയത്. 207 റണ്‍സിന്റെ വിജയലക്ഷ്യം ആതിഥേയര്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
രണ്ടാമിന്നിങ്‌സില്‍ ടീമിലെ പുതുമുഖം പൂജാര(72)യുടെയുംലിറ്റില്‍ മാസ്റ്റര്‍ സച്ചിന്റെയും അര്‍ദ്ധസെഞ്ച്വറികളുടെ പിന്‍ബലത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഇതോടെ രണ്ട് വിജയങ്ങളോടെ ടെസ്റ്റ് പരമ്പര തൂത്തുവാരി ഗവാസ്‌ക്കര്‍-ബോര്‍ഡര്‍ ട്രോഫി ഇന്ത്യ നിലനിര്‍ത്തി. ഇന്ത്യ ഈ വിജയത്തോടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഓസീസ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
രണ്ടാം ഇന്നിങ്‌സില്‍ ഓസീസിനെ 223 ല്‍ ചുരുട്ടിക്കെട്ടിയ ബൗളര്‍മാര്‍ നല്‍കിയ ആനുകൂല്യം ഓപ്പണര്‍മാര്‍ ഏറ്റെടുത്ത് ഭംഗിയാക്കുകയായിരുന്നു.
സെവാഗിന്റെ വിക്കറ്റ് തുടക്കത്തില്‍ നഷ്ടമായപ്പോള്‍ അപകടം മണത്തെങ്കിലും കന്നി ടെസ്റ്റ് കളിക്കുന്ന ചേതേശ്വര്‍ പൂജാര അവസരം മുതലാക്കി തകര്‍പ്പന്‍ തുടക്കം നല്‍കി. ഏകദിന ശൈലിയില്‍ മുന്നേറിയ പൂജാരയുടെ ബാറ്റില്‍ നിന്നും 72 റണ്‍സാണ് പിറന്നത്.
ആദ്യ ഇന്നിങ്‌സില്‍ 214 റണ്‍സുമായി കരിയറിലെ ആറാം ഇരട്ട സെഞ്ച്വറി നേടിയ സച്ചിന്‍ രണ്ടാം ഇന്നിങ്‌സില്‍ 53 റണ്‍സുമായി പുറത്താകാതെ നിന്നു. രണ്ട് ഇന്നിങ്‌സിലും മികച്ച പ്രകടനം കാഴ്ചവെച്ച സച്ചിനാണ് മാന്‍ ഓഫ് ദി മാച്ച്.
ഏഴ് വിക്കറ്റിന് 202 എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് പുനരാരംഭിച്ച സന്ദര്‍ശകര്‍ക്ക് 21 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകള്‍ നഷ്ടമായി. ബുധനാഴ്ച വീണ മൂന്നു വിക്കറ്റുകളില്‍ സഹീര്‍ രണ്ടും ശ്രീശാന്തും ഒന്നും സ്വന്തമാക്കി.