
തിരുവനന്തപുരം: ചില ഉദ്ദേശ്യലക്ഷ്യങ്ങളോടെ വരുന്നവര്‍ കാര്യം നടക്കാതെ വരുമ്പോള്‍ പാര്‍ട്ടി വിടുന്നത് സ്വാഭാവികമാണെന്നും മഞ്ഞളാംകുഴി അലി പാര്‍ട്ടി വിട്ടത് ഇത്തരത്തില്‍ത്തന്നെയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
തിങ്കളാഴ്ച കോട്ടയം പ്രസ്‌ക്ലബില്‍ നടന്ന ജനവിധി 2010 പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഞ്ഞളാംകുഴി അലിയോട് പാര്‍ട്ടി ഒരിക്കലും മോശമായ സമീപനം സ്വീകരിച്ചിട്ടില്ല. പാര്‍ട്ടി നല്‍കാവുന്ന എല്ലാ സ്ഥാനമാനങ്ങളും അലിക്ക് നല്‍കിയിരുന്നു. ഇതുവരെ പാര്‍ട്ടിയുടെ സമീപനത്തെപ്പറ്റി യാതൊരു ആക്ഷേപവും പറയാത്ത അലി ഇപ്പോള്‍ പാര്‍ട്ടിയെ കുറ്റപ്പെടുത്തുന്നതിന്റെ പിന്നിലെ രഹസ്യം എല്ലാവര്‍ക്കും നല്ലതുപോലെ മനസിലാകും- പിണറായി പറഞ്ഞു.
സിപിഎമ്മില്‍ വിഭാഗീയത നല്ലതുപോലെ നടന്നിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടി മെമ്പര്‍പോലുമല്ലാത്ത അലിക്ക് സിപിഎമ്മിലെ വിഭാഗീയതയില്‍ എന്താണു പങ്കെന്ന് മനസിലാകുന്നില്ല. ചുരുക്കംചില കാര്യങ്ങളില്‍ മാത്രമാണ് അലി പാര്‍ട്ടിയുമായി സഹകരിച്ചത്- അദ്ദേഹം പറഞ്ഞു.
ചില പുരോഹിതര്‍ സിപിഎമ്മിനെതിരേ നടത്തുന്ന പരാമര്‍ശങ്ങള്‍ കണക്കിലെടുത്ത് ക്രൈസ്തവ സമൂഹം ഒന്നടങ്കം സിപിഎമ്മിനെതിരേയെന്നു വ്യാഖ്യാനിക്കുന്നത് തോല്‍വി മുന്നില്‍കണ്ടവരാണ്. അപക്വമായി ചില പുരോഹിതര്‍ പ്രചരിപ്പിക്കുന്നത് തങ്ങള്‍ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും പിണറായി വ്യക്തമായി.
0 comments:
Post a Comment