വാണിജ്യം

മൊബൈല്‍ഫോണ്‍ വഴി വ്യാപാരം നടത്താന്‍  എന്തുചെയ്യാം..?
-സുബൈര്‍ പി (ജെ ആര്‍ ജി വെല്‍ത്ത് മാനേജ്‌മന്റ്‌ പെര്‍ള )

മൊബൈല്‍ഫോണ്‍ വഴി വ്യാപാരം നടത്താന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ അംഗീകരിച്ചിട്ടുള്ള ബ്രോക്കറുടെ പക്കല്‍ അക്കൗണ്ട് തുടങ്ങുകയാണ് ആദ്യമായി നിക്ഷേപകര്‍ ചെയ്യേണ്ടത്. ബ്രോക്കര്‍ ഒരു യൂസര്‍ ഐഡിയും പാസ്‌വേഡും തരും. അതിനുശേഷം മൊബൈല്‍ ഫോണിലേക്ക് ബ്രോക്കറുടെ ട്രേഡിങ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണം.

ആപ്ലിക്കേഷനില്‍ മാര്‍ക്കറ്റ് വാച്ച് (വില വിവരങ്ങള്‍, സൂചിക തുടങ്ങിയവ) വിപണി വ്യാപ്തം, സംഗ്രഹിച്ച പോര്‍ട്ട്‌ഫോളിയോ, ഓര്‍ഡര്‍ (Buy / Sell) നല്‍കാനുള്ള സൗകര്യം, നടന്ന ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍, ചാര്‍ട്ടുകള്‍, മാര്‍ക്കറ്റ് ന്യൂസ് എന്നിവ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

നിക്ഷേപകര്‍ക്ക് അവരുടെ പോര്‍ട്ട്‌ഫോളിയോയുടെ മൂല്യമറിയാനും നിക്ഷേപാവസരങ്ങളെക്കുറിച്ചുള്ള വിദഗ്‌ധോപദേശങ്ങള്‍ തേടാനും മാത്രമായും മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. യാത്ര ചെയ്യുമ്പോഴും മറ്റവസരങ്ങളിലും വിപണിയെക്കുറിച്ചോ നടത്തിയ വ്യാപാരത്തെക്കുറിച്ചോ വേഗത്തില്‍ അറിയാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ സഹായിക്കും.

രണ്ടുതരത്തിലുള്ള ആപ്ലിക്കേഷനുകളാണ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ അംഗീകരിച്ചിരിക്കുന്നത്. മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നതും മൊബൈല്‍ ബ്രൗസര്‍ (WAP Enabled) വഴി ഉപയോഗിക്കാവുന്നതും. ഇത്തരം ആപ്ലിക്കേഷന് വേണ്ടത് ജാവാ സാങ്കേതികവിദ്യയുള്ള ഫോണും ജിപിആര്‍എസ് അല്ലെങ്കില്‍ എഡ്ജ് സര്‍വീസുള്ള കണക്ഷനുമാണ്. ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമായ മിക്കവാറും എല്ലാ ഫോണുകളിലും ഈ സൗകര്യങ്ങളുണ്ട്.

നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട സുപ്രധാനമായ കാര്യം അക്കൗണ്ടിന്റെ സുരക്ഷയാണ്. ബ്രോക്കര്‍ പാസ്‌വേഡ് നല്‍കിയാല്‍ ആദ്യമായി ചെയ്യേണ്ടത് ലോഗിന്‍ ചെയ്ത് പാസ്സ്‌വേഡ് മാറ്റുകയാണ്. പാസ്‌വേഡ് ഒരിക്കലും സ്വന്തം പേരോ, മൊബൈലിന്റെ പേരോ അല്ലെങ്കില്‍ പെട്ടെന്ന് ഊഹിച്ച് കണ്ടുപിടിക്കാവുന്നതോ ആയിരിക്കരുത്. നിശ്ചിത ഇടവേളകളില്‍ പാസ്സ്‌വേഡ് മാറ്റണം.

മൊബൈല്‍ നഷ്ടപ്പെടുകയാണെങ്കില്‍ നമ്മള്‍ സാധാരണയായി സേവനദാതാവായ കമ്പനിയെ അറിയിക്കാറുണ്ട്. അതോടൊപ്പം ബ്രോക്കറെയും അറിയിച്ച് മൊബൈല്‍ വഴിയുള്ള അക്കൗണ്ട് ഉപയോഗം വിച്ഛേദിക്കണം. നിക്ഷേപകരുടെ സുരക്ഷയ്ക്കുള്ള മറ്റ് മാര്‍ഗങ്ങള്‍ ബ്രോക്കറുടെ ആപ്ലിക്കേഷനില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടാവും. ബ്രോക്കര്‍ ടെര്‍മിനലിലൂടെ നടത്താവുന്ന എല്ലാ ഇടപാടുകളും മൊബൈല്‍ വഴി നടത്താം. പുതുതലമുറയിലുള്ള നിക്ഷേപകര്‍ക്കായി ധാരാളം ഓഫറുകളും പ്രതീക്ഷിക്കാം. പുതിയ ഈ സംരംഭം വലിയ പ്രതീക്ഷകളാണ് വിപണിയില്‍ സൃഷ്ടിക്കുന്നത്.

__________________________________________________________________________
__________________________________________________________________________
ഓഹരി ഇടപാട് മൊബൈലിലും:സെബി അനുമതി

-സുബൈര്‍ പി (ജെ ആര്‍ ജി വെല്‍ത്ത് മാനെജ്മെന്റ്)
 ഓഹരി വിപണിയില്‍ വേഗവും സമയവും പ്രധാന ഘടകങ്ങളായിരിക്കേ, തത്സമയം വിപണി വിവരങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴി അറിയാനും വ്യാപാരം നടത്താനും കഴിയുക നിര്‍ണായക ചുവടുവെപ്പാണ്.
കൈക്കുള്ളില്‍ ഒതുങ്ങുന്ന മൊബൈലില്‍ ഇനി കോടികളുടെ ഓഹരിയിടപാടും നടത്താം. ഓഫീസ്‌ജോലിക്കിടയിലും യാത്രയിലും ഓഹരി വിപണിയുമായി നിരന്തര സമ്പര്‍ക്കത്തിലേര്‍പ്പെടാം. മൊബൈലിലൂടെയും വയര്‍ലെസ് ഇന്റര്‍നെറ്റ് കണക്ഷനുള്ള ഉപകരണങ്ങളിലൂടെയും ഓഹരി വ്യാപാരം അനുവദിച്ചുകൊണ്ടുള്ള സെബി തീരുമാനം ഇന്ത്യയില്‍ ചെറുകിട ഓഹരി വ്യാപാരരംഗത്ത് വന്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുകയാണ്. ബോംബെ എക്‌സ്‌ചേഞ്ച് കഴിഞ്ഞാഴ്ച ഇതിന് തുടക്കംകുറിച്ചുകഴിഞ്ഞു.
2000 ഫിബ്രവരിയില്‍ തുടങ്ങിയ ഇന്റര്‍നെറ്റ്‌വഴിയുള്ള ഓഹരി വ്യാപാരം ഇതിനകം 22% വിപണിവിഹിതം കൈയടക്കി. മൊത്തം വിപണിയുടെ 50 ശതമാനത്തോളം വന്‍കിട ഇന്ത്യന്‍-വിദേശ ധനകാര്യ സ്ഥാപനങ്ങളുടേതായിരിക്കേ, ചെറുകിട വിപണിയില്‍ ഇന്റര്‍നെറ്റിന്റെ സ്വാധീനം എത്രയാണെന്ന് ഇതില്‍നിന്നും അനുമാനിക്കാം. ഇതേപോലുള്ള ഒരു മാധ്യമമാണ് അല്പം വൈകിയാണെങ്കിലും ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായിരിക്കുന്നത്. ഓഹരി നിക്ഷേപകനും ബാങ്ക് ഡെപ്പോസിറ്റ് , പിപിഎഫ് തുടങ്ങിയ നിശ്ചിത വരുമാനമുള്ള ആസ്തികളിലുള്ള നിക്ഷേപകനും തമ്മിലുള്ള പ്രധാന വ്യത്യാസം മൂല്യത്തിലുള്ള ദ്രുത വ്യതിയാനമാണ്. ഓഹരി വിലയിലുള്ള ഈ വ്യതിയാനം വളരെയധികം വ്യാപാര അവസരങ്ങള്‍ സൃഷ്ടിക്കും. കൃത്യവും സൂക്ഷ്മവുമായി എടുക്കുന്ന നിക്ഷേപ തീരുമാനങ്ങള്‍ മറ്റ് നിക്ഷേപങ്ങളില്‍നിന്നും കിട്ടുന്ന വരുമാനത്തേക്കാളും അനേകമടങ്ങ് നേട്ടങ്ങളുണ്ടാക്കാനുള്ള അവസരങ്ങള്‍ തുറന്നുതരും. ഇന്റര്‍നെറ്റിലൂടെയുള്ള ഓഹരി വ്യാപാരം നിക്ഷേപകര്‍ക്ക് സുതാര്യതയും വേഗവും സ്വന്തം തീരുമാനപ്രകാരമുള്ള ക്രയവിക്രയങ്ങളും സാധ്യമാക്കി. ഇതിലും ഒരുപടി മുന്നിലാണ് മൊബൈല്‍ ട്രേഡിങ്ങെന്നുപറയാം. ഓഹരി വിപണിയില്‍ വേഗവും സമയവും പ്രധാന ഘടകങ്ങളായിരിക്കേ, തത്സമയം വിപണിയിലെ വിവരങ്ങള്‍ മൊബൈല്‍ ഫോണ്‍വഴി അറിയാനും വ്യാപാരം നടത്താനും നിക്ഷേപകന് കഴിയുക വലിയ കാര്യമാണ്.
64 കോടിയിലേറെ മൊബൈല്‍, ടെലഫോണ്‍ വരിക്കാര്‍ ഇന്ത്യയിലുണ്ട്. ചൈനകഴിഞ്ഞാല്‍ ഇന്ത്യയിലാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ മൊബൈല്‍ഫോണുകള്‍ ഉപയോഗിക്കുന്നത്. 2013-14ല്‍ വരിക്കാരുടെ എണ്ണം 100 കോടി ഭേദിക്കും. കേരളത്തില്‍ മാത്രം 1.5 കോടിയിലേറെ മൊബൈല്‍ വരിക്കാരുണ്ട്. സുതാര്യമായ വിപണിയിലേക്ക് ചെറുകിട നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള അനന്ത സാദ്ധ്യതകളാണ് ഈ കണക്കുകള്‍ കാണിക്കുന്നത്.
അതിസങ്കീര്‍ണമായ കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യ ലഘൂകരിച്ച് കൈയ്ക്കുള്ളില്‍ കൊണ്ടുനടക്കാവുന്ന തരത്തില്‍ അവതരിപ്പിച്ചിരിക്കുന്നതാണ് മൊബൈല്‍ഫോണ്‍. അതുകൊണ്ടുതന്നെ, ഫോണിന്റെ സാധാരണ ഉപയോഗത്തിനപ്പുറം പലതരം ആവശ്യങ്ങള്‍ക്കായി മൊബൈല്‍ഫോണ്‍ ഉപയോഗിക്കാവുന്നതാണ്. റെയില്‍വേ ടിക്കറ്റ് റിസര്‍വേഷന്‍, ന്യൂസ്, മൊബൈല്‍ ഗെയിംസ് എന്നിവ ഉദാഹരണങ്ങളാണ്.
മൊബൈല്‍ഫോണിനെ ഒരു ഡിജിറ്റല്‍ ശൃംഖലയിലേക്ക് ഘടിപ്പിക്കുന്നത് ജിപിആര്‍എസ് (ജനറല്‍ പാക്കറ്റ് റേഡിയോ സര്‍വീസ്) അല്ലെങ്കില്‍ അതിന്റെ തന്നെ വിപുലപ്പെടുത്തിയ എഡ്ജ് (എന്‍ഹാന്‍സ്ഡ് ഡാറ്റാ റേറ്റ്‌സ് ഫോര്‍ ജിഎസ്എം ഇവൊലൂഷന്‍ അഥവാ എന്‍ഹാന്‍സ്ഡ് ജിപിആര്‍എസ്) സാങ്കേതിക വിദ്യയാണ്. ഇതിലൂടെ മൊബൈല്‍ഫോണിനെ ഒരു കമ്പ്യൂട്ടര്‍ ശൃംഖലയുമായി ഘടിപ്പിക്കാനാവും.
ഓഹരി വിപണി ഇന്നൊരു വലിയ കമ്പ്യൂട്ടര്‍ ശൃംഖലയാണ്. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍, ബ്രോക്കര്‍മാര്‍, റിസര്‍ച്ച് അനലിസ്റ്റുകള്‍, ബാങ്കുകള്‍, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ ഇതിലെ പ്രധാന കണ്ണികളാണ്. ഇതിലേക്ക് നിക്ഷേപകരെ നേരിട്ട് ബന്ധിപ്പിക്കാനാണ് ഇന്റര്‍നെറ്റും മൊബൈല്‍ഫോണും മറ്റും ഉപയോഗിക്കുന്നത്.


________________________________________________________________________
________________________________________________________________________


സ്വര്‍ണവില പവനിനു 15000 രൂപയിലേക്ക്‌



കൊച്ചി: സ്വര്‍ണവിലയില്‍ മുന്നേറ്റം തുടരുന്നു. വ്യാഴാഴ്ച പവന് 14,880 രൂപയിലെത്തി പുതിയ റെക്കോഡിട്ടു. ബുധനാഴ്ച രേഖപ്പെടുത്തിയ 14,720 രൂപയെക്കാള്‍ 160 രൂപ വര്‍ധിച്ചാണ് പവന്‍ വില പുതിയ ഉയരം കുറിച്ചത്. ഇതോടെ പവന് 15,000 രൂപയിലെത്താന്‍ 120 രൂപ മാത്രം.
ഒരു ഗ്രാമിന്റെ വില 1860 രൂപയാണ്. 20 രൂപയുടെ വര്‍ധന.അടുത്ത ദിവസങ്ങളില്‍ തന്നെ പവന് 15,000 രൂപയിലെത്തിയ ശേഷം ചെറിയ രീതിയില്‍ വില താഴേക്ക് പോകുമെന്ന് വിപണി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ചാണ് ഇവിടെയും വില ഉയരുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1378 ഡോളറിലേക്ക് വില ഉയര്‍ന്നിട്ടുണ്ട്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ഡിമാന്‍ഡ് വര്‍ധിച്ചതും വില വര്‍ധനവിന് കാരണമാണ്. ഉത്തരേന്ത്യയില്‍ വിവാഹ - ഉത്സവ സീസണുകള്‍ ആയതിനാല്‍ വില്‍പന ഉയര്‍ന്നിട്ടുണ്ട്.

Indiainfo Sports