വിദേശം

സിറിയന്‍ പ്രക്ഷോഭം: സൈനിക നടപടിയില്‍ 25 പേര്‍ കൊല്ലപ്പെട്ടു
   
ദമാസ്‌കസ്‌: സിറിയന്‍ പ്രസിഡന്റ്‌ ബാഷര്‍ അല്‍ അസദിന്റെ ഏകാധിപത്യ ഭരണത്തിനെതിരേയുള്ള പ്രക്ഷോഭം രൂക്ഷമായി. സിറിയയുടെ തലസ്‌ഥാനമായ ദമാസ്‌കസില്‍നിന്ന്‌ 100 കിലോമീറ്റര്‍ അകലെയുള്ള ദാരാ നഗരത്തില്‍ സൈന്യം പ്രക്ഷോഭകാരികള്‍ക്കുനേരേ വെടിവയ്‌പും ഷെല്‍ ആക്രമണവും നടത്തി. സൈനിക നടപടിയില്‍ 25 പേര്‍ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ഇക്കാര്യം സിറിയന്‍ സൈന്യം നിരാകരിച്ചു.

ദാരായിലേക്കു കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ്‌ 5000 സൈനികരും മറ്റു സുരക്ഷാ ഉദ്യോഗസ്‌ഥരും എത്തിയത്‌. പ്രസിഡന്റിനെതിരേ ആറാഴ്‌ചയായി തുടരുന്ന പ്രക്ഷോഭം കഴിഞ്ഞ ദിവസമാണു രൂക്ഷമായത്‌. രാഷ്‌ട്രീയ തടവുകാരെ വിട്ടയയ്‌ക്കണമെന്നും സൈന്യത്തെ പിരിച്ചുവിടണമെന്നും പ്രക്ഷോഭകാരികള്‍ ആവശ്യമുന്നയിക്കുന്നുണ്ട്‌.

അമേരിക്കയില്‍ വ്യാപക ആക്രമണത്തിന്‌ അല്‍ ക്വയ്‌ദ പദ്ധതിയിട്ടിരുന്നു
  
ന്യൂയോര്‍ക്ക്‌: അമേരിക്കയിലെ ലോകവ്യാപാര കേന്ദ്രത്തിനുനേരേ നടത്തിയ ആക്രമണങ്ങള്‍ക്കു സമാനമായ ഭീകരാക്രമണം രാജ്യത്തൊട്ടാകെ നടത്താന്‍ അല്‍ ക്വയ്‌ദ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍.

പടിഞ്ഞാറന്‍ തീരങ്ങളും പ്രസിദ്ധമായ ബ്രൂക്ക്‌ലിന്‍ പാലവുമാണ്‌ അവര്‍ ലക്ഷ്യം വച്ചിരുന്നതെന്നും ഗ്വാണ്ടനാമോ ജയിലില്‍നിന്നു കിട്ടിയ രഹസ്യവിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ 'ന്യൂയോര്‍ക്ക്‌ ടൈംസ്‌' പത്രം വെളിപ്പെടുത്തി. ജയിലില്‍ കഴിയുന്ന മുപ്പത്തഞ്ചിലധികം ഭീകരര്‍ ബ്രിട്ടനില്‍ വിദഗ്‌ധ പരിശീലനം നേടിയതായും റിപ്പോര്‍ട്ടുണ്ട്‌.

മാന്‍ഹട്ടനെയും ബ്രൂക്ക്‌ലിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ബ്രൂക്ക്‌ലിന്‍ പാലത്തിന്റെ കേബിളുകള്‍ മുറിച്ചു പാലം തകര്‍ക്കാനും പാര്‍പ്പിട സമുച്ചയങ്ങളില്‍ പാചകവാതകം തുറന്നുവിട്ടു സ്‌ഫോടനങ്ങള്‍ നടത്താനും അല്‍ ക്വയ്‌ദയ്‌ക്കു പദ്ധതിയുണ്ടായിരുന്നു. ഗ്വാണ്ടനാമോ ജയിലില്‍ കഴിയുന്ന പാക്‌ വംശജനായ സയ്‌ഫുള്ള പരാച്ചയാണ്‌ ആക്രമണം നടത്താന്‍ ചരടുവലിച്ചത്‌. വിശദമായ ചോദ്യംചെയ്യലില്‍ ഇയാള്‍ എല്ലാം സമ്മതിച്ചുവെന്നും പത്രം വെളിപ്പെടുത്തി. ന്യൂയോര്‍ക്ക്‌ നഗരത്തില്‍ 13 വര്‍ഷം ട്രാവല്‍ ഏജന്‍സി നടത്തിയ പരിചയമാണ്‌ ആക്രമണ പദ്ധതി തയാറാക്കാന്‍ സയ്‌ഫുള്ളയ്‌ക്ക് ആത്മവിശ്വാസം നല്‍കിയത്‌.

അല്‍ ക്വയ്‌ദ തലവന്‍ ഒസാമ ബിന്‍ ലാദനുമായി സയ്‌ഫുള്ള പലതവണ ചര്‍ച്ച നടത്തിയിരുന്നു. ഇതിനായി 1999 ഡിസംബറിലോ 2000 ജനുവരിയിലോ ആണ്‌ ലാദനും സയ്‌ഫുള്ളയും തമ്മില്‍ കൂടിക്കാഴ്‌ച നടത്തിയതെന്നാണ്‌ അന്വേഷകരുടെ നിഗമനം. സെപ്‌റ്റംബര്‍ 11 നു ലോകവ്യാപാര കേന്ദ്രത്തിനുനേരേ നടന്ന ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഖാലിദ്‌ ഷെയ്‌ഖ് മുഹമ്മദുമായും സയ്‌ഫുള്ളയ്‌ക്ക് അടുത്ത ബന്ധമുണ്ട്‌. ഖാലിദ്‌ ഇയാള്‍ക്കു സാമ്പത്തിക സഹായം നല്‍കിയിരുന്നതായും കരുതുന്നു.

അണ്വായുധമോ ജൈവായുധമോ യു.എസിലെത്തിച്ചു സര്‍വനാശം വിതയ്‌ക്കാനും സയ്‌ഫുള്ള പദ്ധതിയിട്ടിരുന്നു. ഇവ അധികൃതരുടെ കണ്ണുവെട്ടിച്ചു കടത്താന്‍ ബുദ്ധിമുട്ടായതിനാല്‍ ഒഴിവാക്കി. ഖാലിദ്‌ ഷെയ്‌ഖ് മുഹമ്മദ്‌ യു.എസ്‌. ചാര സംഘടനയായ സി.ഐ.ഐയുടെ വലയിലായതോടെയാണു പദ്ധതികള്‍ പാളിയത്‌. 2003 ജൂലൈയില്‍ ബാങ്കോക്കിലാണ്‌ ഇദ്ദേഹം പിടിയിലാകുന്നത്‌. സയ്‌ഫുള്ളയുടെയും ഖാലിദിന്റെയും കുടുംബാംഗങ്ങളും പദ്ധതിയില്‍ പങ്കാളികളായിരുന്നു.

സയ്‌ഫുള്ളയും മകന്‍ ഉസൈറും അമേരിക്കയെ തകര്‍ക്കാന്‍ സ്വയംസന്നദ്ധരായി. ഖാലിദ്‌ ഷെയ്‌ഖിന്റെ മരുമകന്‍ അമര്‍ അല്‍ ബലോചിയും ഭാര്യയും യു.എസില്‍ ന്യൂറോ സയന്റിസ്‌റ്റായിരുന്ന ആസിഫ സിദ്ദിഖിയും നിരവധി തന്ത്രങ്ങള്‍ മെനഞ്ഞു. ഫെഡറല്‍ ബ്യൂറോ ഓഫ്‌ ഇന്‍വെസ്‌റ്റിഗേഷന്റെ (എഫ്‌.ബി.ഐ.) പിടിയിലായ മകന്‍ ഉസൈര്‍ നല്‍കിയ സൂചനകളാണു സയ്‌ഫുള്ളയെ കുരുക്കിയത്‌. പാക്‌ ആണവ ശാസ്‌ത്രജ്‌ഞനായ അബ്‌ദുള്‍ ഖാദിര്‍ ഖാനുമായും ഇയാള്‍ ബന്ധം പുലര്‍ത്തിയിരുന്നു.

ഗ്വാണ്ടനാമോ ജയിലില്‍ കഴിയുന്ന 35 ഭീകരര്‍ക്കു പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കെതിരേ പ്രത്യേക പരിശീലനം നല്‍കിയിരുന്നതായി വിക്കിലീക്‌സ് പുറത്തുവിട്ടിരുന്നു. ബ്രിട്ടനിലെ ഫിന്‍സ്‌ബറി പാര്‍ക്കിലെ മുസ്ലിം ആരാധനാലയത്തിലാണ്‌ ഇവര്‍ക്കു പരിശീലനം നല്‍കിയത്‌. രണ്ടു ദശകങ്ങളിലായി ബ്രിട്ടന്‍ ഭീകരപ്രവര്‍ത്തകരുടെ താവളമായെന്നും വിക്കിലീക്‌സ് ചൂണ്ടിക്കാട്ടിയിരുന്നു. ബ്രിട്ടനില്‍ അഭയംതേടിയ അബു ഹംസ, അബു ക്വാറ്റാഡ എന്നിവരാണ്‌ ഇവിടുത്തെ നേതാക്കന്‍മാര്‍. ഫിന്‍സ്‌ബറി പാര്‍ക്കിലെ ദേവാലയം അല്‍ ക്വയ്‌ദയുടെ അഫ്‌ഗാനിലെ പോരാളികള്‍ക്കും ഉത്തര ആഫ്രിക്കയിലെ പ്രക്ഷോഭകര്‍ക്കും പരിശീലനം നടത്താനുള്ള വേദിയായിരുന്നു. ഇവരുമായി ഉസാമ ബിന്‍ ലാദന്‍ നേരിട്ടു സംസാരിക്കുകയും ബോംബ്‌ അടക്കമുള്ളവ നിര്‍മിക്കാന്‍ പഠിപ്പിക്കുകയും ചെയ്‌തിരുന്നു. ചെച്‌നിയയിലെയും ബോസ്‌നിയയിലെയും മുസ്ലിംകള്‍ക്കുനേരേ നടന്ന അക്രമങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ കാണിച്ചാണു പോരാളികളില്‍ ആവേശം ജനിപ്പിച്ചിരുന്നത്‌.

പിടിയിലായ തീവ്രവാദികളുടെ കുടുംബങ്ങള്‍ക്കു ബിന്‍ ലാദന്‍ മതിയായ നഷ്‌ടപരിഹാരം നല്‍കിയിട്ടുണ്ടെന്നും ഗ്വാണ്ടനാമോയില്‍നിന്നു പുറത്തായ രഹസ്യ റിപ്പോര്‍ട്ടിലുണ്ട്‌. ഗ്വാണ്ടനാമോയില്‍ തടവില്‍ കഴിയുന്നവരെല്ലാം അഫ്‌ഗാനിലെത്തുന്നതിനു മുമ്പ്‌ ബ്രിട്ടനില്‍ പരിശീലനം നേടിയിരുന്നു. അബു ഹംസയ്‌ക്കും ക്വാറ്റാഡയ്‌ക്കും അന്യായമായി തടങ്കലില്‍ വച്ചതിനു ബ്രിട്ടന്‍ നഷ്‌ടപരിഹാരം നല്‍കിയിട്ടുണ്ട്‌. മൊറൊക്കോയിലെയും അള്‍ജീരിയയിലെയും ഭീകരര്‍ക്കു ലണ്ടന്‍ നഗരം സ്വര്‍ഗമാണെന്നും വിക്കിലീക്‌സ് ചൂണ്ടിക്കാട്ടി. ബ്രിട്ടനിലെ ഉദാരമായ വിസാ നയമാണ്‌ അവര്‍ക്ക്‌ അനുഗ്രഹമാകുന്നത്‌.

Indiainfo Sports